മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ്മ. ഇൻസ്റ്റാഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.
വെള്ള ജേഴ്‌സിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചത് വലിയ അംഗീകാരമാണെന്നും കഴിഞ്ഞ കാലങ്ങളിൽ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും രോഹിത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഏകദിനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് താൻ തുടരുമെന്നും രോഹിത് വ്യക്തമാക്കി.
ഇന്ത്യയ്ക്കായി 67 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച രോഹിത് 40.57 ശരാശരിയിൽ 4301 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 12 സെഞ്ചുറികളും 18 അർദ്ധ സെഞ്ചുറികളും ഉൾപ്പെടുന്നു. ഓപ്പണർ എന്ന നിലയിലും മധ്യനിര ബാറ്റ്‌സ്മാനായും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത്തിന്റെ വിദേശ പിച്ചുകളിലെ പോരാട്ടവീര്യം പലപ്പോഴും ശ്രദ്ധേയമായിരുന്നു.
2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിശാഖപട്ടണത്ത് നേടിയ ഇരട്ട സെഞ്ചുറിയാണ് (212) രോഹിത് ശർമ്മയുടെ ടെസ്റ്റ് കരിയറിലെ പ്രധാന നേട്ടങ്ങളിൽ ഒന്ന്. അതോടെ ഓപ്പണർ എന്ന നിലയിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ തന്നെ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന അദ്ദേഹം സ്വന്തമാക്കി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ടെസ്റ്റ് ടീമിന്റെ പ്രധാനിയായിരുന്ന രോഹിതിന്റെ ടെസ്റ്റ് ഫോം സമീപകാലത്തായി അത്ര മികച്ചതായിരുന്നില്ല. വിരമിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നിൽ ഒരുപക്ഷെ ഈ കാരണവും ഉണ്ടാകാം. രോഹിത് ശർമ്മയുടെ അഭാവം ഇന്ത്യൻ ടെസ്റ്റ് ടീമിൽ വലിയ വിടവ് സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഏകദിന ക്രിക്കറ്റിൽ രോഹിത് ടീമിനൊപ്പം തുടരുമെന്നത് ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.