ഹെെദരാബാദ്: ഹെെദരാബാദിലെ ചാർമിനാറിന് സമീപമുണ്ടായ തീപിടിത്തത്തിൽ എട്ട് കുട്ടികളടക്കം 17 പേർ മരിച്ചതായി റിപ്പോർട്ട്. ചാർമിനാറിന് അടുത്ത് ഗുൽസാർ ഹൗസിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ ആറുമണിക്കായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാജേന്ദ്രകുമാർ(67), സുമിത്ര(65), മുന്നീ ഭായ്(72), അഭിഷേക് മോദി(30), ബാലു (17), ശീതൾ ജെയിൻ (37) എന്നിവരുടെയും രണ്ട് പെണ്‍കുട്ടികളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ള ആളുകളുടെ വിവരങ്ങൾ ലഭ്യമായി തുടങ്ങിയിട്ടില്ല. പലരും ശ്വാസം മുട്ടിയാണ് മരിച്ചത്. വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങിനിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്.
രാവിലെ 6.30ഓടെയാണ് തീപിടിത്തം ഉണ്ടായതായി ഫോൺ കോൾ വന്നതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറയുന്നു. പതിനൊന്ന് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്. സംഭവം വളരെ ദുഃഖകരമാണെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും പക്ഷേ പൊലീസും മുനിസിപ്പാലിറ്റിയും ഫയർ, വെെദ്യുതി വകുപ്പുകളും കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നും അറിയിച്ചിട്ടുണ്ട്.