Trending

പൃഥ്വിരാജിന് ഇൻകം ടാക്സ് നോട്ടീസ്; പ്രതിഫലനം സംബന്ധിച്ച് വിശദീകരണം തേടി

കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് സിനിമകളില്‍ നിന്ന് പറ്റിയ പ്രതിഫലത്തെക്കുറിച്ചാണ് ആദായനികുതി വകുപ്പ് അന്വേഷണം. ഈ ചിത്രങ്ങളുടെ സഹ നിർമ്മാതാവെന്ന നിലയില്‍ 40 കോടി രൂപ കൈപ്പറ്റിയതില്‍ വിശദാംശങ്ങള്‍ തേടി. കഴിഞ്ഞ മാസം നൽകിയ നോട്ടീസിൽ ഏപ്രിൽ 29നകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. 

2021ലും 2022ലും പൃഥ്വിയുടെ നിർമ്മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിന്‍റെ തുടർച്ചയായാണ് ഇപ്പോഴത്തെ അന്വേഷണം. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളിലെ അഭിനയത്തിന് പൃഥ്വിരാജ് പ്രതിഫലം പറ്റിയിട്ടില്ല. എന്നാല്‍ സഹ നിർമ്മാതാവെന്ന നിലക്ക് 40 കോടി പറ്റുകയും ചെയ്തു. ഇതു സംബന്ധിച്ച വിശദാംശങ്ങളാണ് തേടിയിട്ടുള്ളത്. അതേസമയം എമ്പുരാൻ സിനിമയുടെ പേരില്‍ പകപോക്കലുകൾ നടക്കുന്നുണ്ടെന്നും ആദായ നികുതി വകുപ്പിന്‍റെ നടപടിയുടെ കൂടുതൽ വിശദാംശങ്ങൾ വരേണ്ടതുണ്ടെന്നും സംവിധായകൻ ജിയോ ബേബി പ്രതികരിച്ചു. 

കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയുടെ നിര്‍മ്മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്‍റെ ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിൻ്റെ സംവിധായകനായ പൃഥ്വിരാജിനെതിരെയുള്ള ഐടി നടപടി. പൃഥ്വിരാജിനെതിരെ ഉള്ളത് സ്വാഭാവിക നടപടിയാണ് എന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരിണം. നേരത്തേ തുടരുന്ന അന്വേഷണം മാത്രമാണെന്നും പുതിയ അന്വേഷണമില്ലെന്നും അവർ പറഞ്ഞു. 

Post a Comment

Previous Post Next Post