കൊച്ചി: ആലുവയിൽ നിന്ന് കാണാതായ പതിമൂന്നുകാരൻ വീട്ടിൽ തിരിച്ചെത്തി. ആലുവ എസ്എൻഡിപി സ്‌കൂൾ വിദ്യാർത്ഥിയായ തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകൻ അൽത്താഫ് അമീനെയാണ് ചൊവ്വാഴ്ച രാത്രി കാണാതായത്. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുട്ടി ഇന്ന് രാവിലെ സ്വമേധയാ തിരിച്ചെത്തിയത്.
കുട്ടിയെ കാണാനില്ലെന്ന വാർത്തകൾ ഇന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇത് കണ്ട് മനംനൊന്താണ് അൽത്താഫ് തിരിച്ചെത്തിയതെന്നാണ് മാതാപിതാക്കൾ പറയുന്നത്. കുട്ടിയെ ഇതുവരെയായിട്ടും പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയിട്ടില്ല. അൽത്താഫിന് ഇന്ന് ഒരു പരീക്ഷയുണ്ടെന്നും അതിനുശേഷം സ്റ്റേഷനിൽ എത്തിക്കുമെന്നുമാണ് വിവരം.
സാമ്പത്തികമായോ മറ്റു തരത്തിലോ അൽത്താഫിനെ അലട്ടുന്ന പ്രശ്നങ്ങളില്ലെന്നാണ് വീട്ടുകാർ പറയുന്നത്. പൊലീസ് ഫോണും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകിരിച്ചാണ് അന്വേഷണം നടത്തിയത്. ലഹരി മാഫിയയുടെ കൈയിൽ അകപ്പെട്ടിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.