കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് മദ്ധ്യവയസ്കൻ വെടിയേറ്റു മരിച്ചു. കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണന്‍ (49) ആണ് കൊല്ലപ്പെട്ടത്. നിർമ്മാണം നടക്കുന്ന വീട്ടിൽ വെച്ചായിരുന്നു രാധാകൃഷ്ണന് വെടിയേറ്റത്. രാത്രി ഏഴരയോടെയാണ് സംഭവം. വെടിയൊച്ച കേട്ട് തൊട്ടടുത്തുണ്ടായിരുന്നു ആളുകൾ ഓടിയെത്തുമ്പോഴാണ് രാധാകൃഷ്ണൻ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ പരിയാരം മെഡി.കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് എത്തുമ്പോൾ ഇയാൾ സംഭവ സ്ഥലത്ത് മദ്യലഹരിയിൽ നിൽക്കുകയായിരുന്നു. ലൈസൻസുള്ള തോക്ക് സ്വന്തമായുള്ള ഇയാൾ വെടിവയ്പ്പിൽ പരിശീലനം നേടിയിട്ടുണ്ട്. കാട്ടുപന്നിയെ വെടിവയ്ക്കാനായി പഞ്ചായത്തിനു കീഴിലുള്ള ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് ഇയാൾ. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.