കൊയിലാണ്ടി: കൊയിലാണ്ടിയിൽ കൊല്ലം ചിറയ്ക്ക് സമീപം കാര്‍ നിയന്ത്രണംവിട്ട് ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് അപകടം. അപകടത്തിൽ മൂന്ന് വാഹനത്തിലെയും യാത്രക്കാർക്ക് പരിക്കേറ്റു. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന KL18 AD 3740 സ്വിഫ്റ്റ് കാര്‍ ഇതേ ഭാഗത്തേക്ക് പോകുകയായിരുന്ന KL 57 W 5948 സ്‌കൂട്ടറിലും എതിര്‍ ദിശയിലേക്ക് പോകുകയായിരുന്ന KL 11 AY 9208 ബൈക്കിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികന് സാരമായ പരിക്കുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ നൽകുന്ന വിവരം.
ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ കുട്ടികളുടെ പാര്‍ക്കിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. സ്‌കൂട്ടറില്‍ യാത്ര ചെയ്ത വിയ്യൂര്‍ സ്വദേശി ജുബീഷ്, ബൈക്ക് യാത്രക്കാരായ കൂമുള്ളി സ്വദേശി ജയേഷ്, രാജേഷ് എന്നിവര്‍ക്കും കാര്‍ യാത്രികരായ വടകര കുനിങ്ങാട് സ്വദേശികളായ അമ്മദ്, ആയിഷ, മൂസ, അഫ്‌നാന്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.