അത്തോളി: അത്തോളി കുനിയില്‍ക്കടവ് പാലത്തിന് സമീപം ഓട്ടോ മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ടു യാത്രക്കാര്‍ക്കും ഡ്രൈവറായ യുവതിയ്ക്കും പരിക്കേറ്റു. തിരുവങ്ങൂരില്‍ നിന്നും അത്തോളി ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോ. മൂന്ന് യാത്രക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ പതിനൊന്നരയോടെ കുനിയില്‍ക്കടവ് പാലത്തിന് സമീപത്തെ വളവിലായിരുന്നു അപകടം. അപ്രതീക്ഷിതമായി പൂച്ച മുറിച്ചു കടന്നതോടെ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഓട്ടോ മറിയുകയായിരുന്നു.
ഡ്രൈവര്‍ പൂക്കാട് ബീച്ച് റോഡ് മുണ്ടാടത്ത് ഖദീജ എന്ന ഹസീനയ്ക്ക് സാരമായ പരിക്കുണ്ട്. ഇവരെയും രണ്ട് യാത്രക്കാരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ ഒരു യാത്രക്കാരനെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നിട്ടുണ്ട്.