പേരാമ്പ്ര: പേരാമ്പ്ര ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ആസിഡ് ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി യുവതിയുടെ അമ്മ. നട്ടെല്ലിനേറ്റ പരിക്ക് ചികിത്സിക്കാനായാണ് ആയുര്‍വേദ ആശുപത്രിയിൽ എത്തിയതെന്നും ഇതിനിടെയാണ് മകളെ മുൻ ഭര്‍ത്താവ് ആസിഡുകൊണ്ട് ആക്രമിച്ചതെന്നും മാതാവ് സ്മിത പറഞ്ഞു.
കൂട്ടാലിട പൂനത്ത് സ്വദേശി പ്രബിഷയ്ക്കാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ മുൻ ഭര്‍ത്താവ് കൂട്ടാലിട സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ പ്രബിഷയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 13 വര്‍ഷമായി മകളും പ്രശാന്തും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ടെന്ന് സ്മിത പറഞ്ഞു. ഇരുവരും വേര്‍പിരിഞ്ഞിട്ട് മൂന്നു വര്‍ഷമായി.
വേര്‍പിരിഞ്ഞശേഷവും പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മദ്യത്തിനും ലഹരിക്കും അടിയമാണ് പ്രശാന്ത്. രണ്ടു തവണ മദ്യപാനം നിര്‍ത്തിയിരുന്നെങ്കിലും വീണ്ടും കുടിയാരംഭിച്ച് മകൾക്ക് നേരെ മര്‍ദ്ദനം തുടർന്നതോടെയാണ് വേര്‍പിരിഞ്ഞത്. മുമ്പ് പ്രശാന്തിന്‍റെ ആക്രമണത്തിൽ മകളുടെ കണ്ണിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിരുന്നു. മർദ്ദനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് വിവാഹബന്ധം ഉപേക്ഷിച്ചത്.
പിന്നെയും ഭീഷണി തുടര്‍ന്നു. ഇന്ന് മകളെ ആക്രമിക്കുമ്പോഴും പ്രശാന്ത് ലഹരി ഉപയോഗിച്ചെന്നാണ് അറിയാൻ കഴിഞ്ഞതെന്നും സ്മിത പറഞ്ഞു. മുമ്പ് ഹെല്‍മറ്റുകൊണ്ട് അടിച്ചതിനെ തുടര്‍ന്നാണ് മകളുടെ നട്ടെല്ലിന് പരിക്കേറ്റത്. ഇതിന്‍റെ ചികിത്സക്കായാണ് ആയുര്‍വേദ ആശുപത്രിയിലെത്തിയത്. മുമ്പ് പ്രശാന്ത് കൈവിരൽ കുത്തിയിറക്കി മകളുടെ ഒരു കണ്ണിന്‍റെ കൃഷ്ണമണിയടക്കം തകര്‍ത്തിരുന്നു. അങ്ങനെ ഒരു കണ്ണിന്‍റെ കാഴ്ചയും മകള്‍ക്ക് നഷ്ടമായിരുന്നുവെന്നും സ്മിത പറഞ്ഞു.