ന്യൂഡൽഹി: ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ച് റെയിൽവെ. 10 ലക്ഷം രൂപയാണ് ധനസഹായമായി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഗുരുതമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി നല്‍കും.
ഇന്നലെ രാത്രി 10 മണിയോടെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. അപകടത്തിൽ 18 പേർ മരിച്ചു. കുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്നാണ് തിക്കും തിരക്കും ഉണ്ടായത്. പ്ലാറ്റ്‌ഫോം നമ്പർ 14ൽ പ്രയാഗ്‌രാജ് എക്‌സ്പ്രസ് ട്രെയിൻ നിർത്തിയിട്ടിരുന്നു. ഇതിൽ കയറാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെയാണ് തിരക്കുണ്ടായത്.
സ്വതന്ത്രസേനാനി എക്‌സ്പ്രസ്, ഭുവനേശ്വർ രാജധാനി എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ വൈകിയെത്തിയതും സ്റ്റേഷനിലെ തിരക്കിന് കാരണമായി. ഇതോടെ 12,13,14 പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണാധീതമായി തിരക്ക് വർധിക്കുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.