കോഴിക്കോട്: ജില്ലയിലെ ക്ഷേത്രങ്ങളിൽ ആനയെഴുന്നള്ളിപ്പിന് ക്ഷേത്ര കമ്മിറ്റികളും ഉത്സവം നടത്തിപ്പുകാരും ഇനി ഒരുമാസം മുമ്പേ അപേക്ഷിക്കണമെന്ന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനം. കൊയിലാണ്ടി കുറവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നുപേർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കിയത്.
ആനയെഴുന്നള്ളിപ്പിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ് അനുമതി നൽകേണ്ടത്. ജില്ലാ കളക്ടർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധി, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ, ആനയുടമ പ്രതിനിധികൾ, അനിമൽ വെൽഫയർ ബോർഡ് പ്രതിനിധി തുടങ്ങിയവർ ഉൾപ്പെടുന്നതാണ് മോണിറ്ററിംഗ് കമ്മിറ്റി. നിലവിൽ ക്ഷേത്ര കമ്മിറ്റികൾ ഉത്സവത്തിന് തൊട്ടടുത്ത ദിവസങ്ങളിലാണ് അപേക്ഷിക്കാറുള്ളത്. ഇതുമൂലം അപേക്ഷകൾ വേണ്ടവിധം പരിശോധിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
അതേസമയം മണക്കുളങ്ങര ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ഗുരുവായൂർ ദേവസ്വത്തിന്റെ പീതാംബരൻ, ഗോകുൽ എന്നീ ആനകൾക്ക് ജില്ലയിൽ സ്ഥിരം വിലക്ക് ഏർപ്പെടുത്തി. ആനകൾ പ്രശ്നക്കാരല്ലെന്ന് ഗുരുവായൂർ ദേവസ്വം ആവർത്തിക്കുന്നതിനിടെയാണ് വിലക്ക്. വർഷങ്ങൾക്ക് മുമ്പ് കൂട്ടാനകളെ കുത്തുന്ന സ്വഭാവം ഇവയ്ക്ക് ഉണ്ടായിരുന്നുവത്രെ. പടക്കം പൊട്ടിയാണ് ആനയിടഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ അശ്രദ്ധയുണ്ടായിട്ടുണ്ടോയെന്ന് ജില്ലാഭരണകൂടവും പരിശോധിക്കുന്നുണ്ട്. പൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ പെട്ട് പരിക്കേറ്റാണ് മൂന്നു പേർ മരിച്ചത്.
മണക്കുളങ്ങരെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ 21 വരെ ആനയെഴുന്നള്ളിപ്പ് നിരോധിച്ചതോടെ വിരുന്നുകണ്ടി ഭഗവതി ക്ഷേത്രം, നടുവണ്ണൂർ കണ്ണമ്പാലത്തറ മഹാഗണപതി ക്ഷേത്രം, ചിന്ത്രമംഗലം ശ്രീകൃഷ്ണ ക്ഷേത്രം, കിനാലൂർ മോവനാരി ക്ഷേത്രം, കൊയിലാണ്ടി കൂത്തംവള്ളി ദുർഗാക്ഷേത്രം എന്നിവിടങ്ങളിൽ ആനയെഴുന്നള്ളിപ്പ് നടത്താനാകില്ല. ഇതിനെതിരെ ക്ഷേത്ര കമ്മിറ്റികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലും ഇതുസംബന്ധിച്ച് പ്രതിഷേധമുണ്ടായി.