ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേൻ സിങ് രാജിവെച്ചു. ബിജെപി ദേശീയ നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷമാണ് രാജി വെച്ചത്. രാജ്ഭവനിലെത്തി ഗവർണറെ കണ്ട ശേഷം ബിരേൻ സിങ് രാജിക്കത്ത് കൈമാറി.
മണിപ്പൂർ കലാപം ആരംഭിച്ച് രണ്ടുവർഷം തികയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ രാജി. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു. കോൺഗ്രസ് നാളെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ നീക്കം നടത്തുന്നതിനിടെയാണ് ബിരേൻ സിങ്ങിന്റെ നീക്കം.
ബിരേൻ സിങ്ങിനോട് അതൃപ്തിയുള്ള ചില ബിജെപി എംഎൽഎമാർ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മണിപ്പൂർ കലാപത്തിനിടെ നിരവധി തവണ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല.