Trending

വയനാട് വെള്ളമുണ്ട കൊലപാതകം; ദമ്പതിമാർ അറസ്റ്റിൽ


മാനന്തവാടി: വയനാട് വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. ഉത്തർപ്രദേശ് സഹറാൻപുർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് സ്വദേശിയായ മുഖീം അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ യുവാവിനെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പുതിയതായി വാങ്ങിയ കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി ബാഗുകളിലാക്കി മാലിന്യമെന്ന വ്യാജേന ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകിയിരുന്നു. കൊലയ്ക്ക് ഒത്താശ ചെയ്തത് സൈനബാണെന്നാണ് പോലീസ് പറയുുന്നത്.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രതി ആരിഫ് ബാഗുകളുമായി ഒരു ഓട്ടോയിൽ കയറുകയും യാത്രയ്ക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളിൽ നിന്ന് ബാഗ് താഴേക്കെറിയുകയും ചെയ്തു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ഈ വിവരം പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യ സൈനബിനും കൃത്യത്തിൽ പങ്കുണ്ടെന്ന് മനസിലായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Post a Comment

Previous Post Next Post