Trending

കാര്യവട്ടം കോളേജ് റാഗിങ്: 7 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്‍റ് കോളേജിലെ റാഗിങില്‍ നടപടി. റാഗിങ്ങിന് ഇരയായ ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് നൽകിയ പരാതിയില്‍ ഏഴ് സീനിയർ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. റാഗിങ് നടന്നതായി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയയമായി സസ്‌പെന്‍ഡ് ചെയ്തത്. വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍.

ബിന്‍സ് ജോസിന്‍റെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കോളേജിന്റെ നടപടി. പരാതിയിൽ പ്രതികളാക്കിയ വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ റാഗിങ് നിയമം ചുമത്തുമെന്ന് കഴക്കൂട്ടം പൊലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ കോളേജിലെ ആന്‍റി -റാഗിങ് കമ്മിറ്റി റാഗിങ് നടന്നതായി സ്ഥിരീകരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ 11-ാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സിന്‍റെ സുഹൃത്തായ അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബിന്‍സിനെ യൂണിറ്റ് റൂമില്‍ പിടിച്ചു കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു. കാൽമുട്ടിൽ നിലത്ത് നിർത്തിയായിരുന്നു മർദ്ദനമെന്നും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നുവെന്നും ഷർട്ട് വലിച്ചുകീറിയെന്നും ബിൻസ് പറയുന്നു, പിന്നാലെയാണ് ഇവർ കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കുന്നത്.

Post a Comment

Previous Post Next Post