Trending

വയനാട്ടിൽ കുറഞ്ഞു, ചേലക്കരയില്‍ കനത്തു; പോളിംഗ് കണക്കുകളില്‍ ചങ്കിടിച്ച് മുന്നണികള്‍


വയനാട്\ചേലക്കര: പ്രചാരണ കൊടുങ്കാറ്റിനൊടുവിൽ വയനാട്ടിലും ചേലക്കരയിലും ജനം വിധിയെഴുതി. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. വയനാട്ടിൽ രാവിലെയും ഉച്ചയ്ക്ക് ശേഷവും പോളിങിലെ കുറവ് തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണ 73 ശതമാനമായിരുന്നു.

വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡ‍ിഎഫിന്‍റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 2019ൽ രാഹുൽ നേടിയതിനേക്കാൾ ഭൂരിപക്ഷം പ്രിയങ്ക നേടും. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിങ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എന്‍ഡിഎ, എൽഡിഎഫ് കേന്ദ്രങ്ങളിൽ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിലുള്ള ജനങ്ങളുടെ എതിർപ്പാണ് പോളിംഗ് കുറയാൻ കാരണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി പറഞ്ഞു. എൽഡിഎഫ് വോട്ടുകൾ എല്ലാം പോൾ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയില്‍ 72.54 ശതമാനം വോട്ടാണ് ഇതുവരെ രേഖപ്പെടുത്തിയത്. അറുമണിക്ക് ശേഷവും ചില ബൂത്തുകളില്‍ നീണ്ട നിരയായിരുന്നു കാഴ്ച. 70 ശതമാനത്തിന് മുകളിലാണ് പല ബൂത്തുകളിലും പോളിംഗ്. പോളിംഗ് ഉയര്‍ന്നത് ഭരണവിരുദ്ധ വികാരമായി യുഡിഎഫ് കണക്കുക്കൂട്ടുന്നു. എന്നാല്‍ ചേലക്കര നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാംപ്.

Post a Comment

Previous Post Next Post