ഉള്ളിയേരി: കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ളിയേരി- 19ാം മൈലിൽ കനാൽപ്പാലത്തിന് അരികെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മാസത്തോളമായി കണ്ണടച്ചിട്ട്. എന്നാൽ പ്രവർത്തനരഹിതമായ ഹൈമാസ്റ്റ് ലൈറ്റിന് 214 രൂപയുടെ വൈദ്യുതി ബിൽ നൽകിയിരിക്കുകയാണ് കെഎസ്ഇബി. അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെ കെഎസ്ഇബി അധികൃതർ ബിൽ നൽകിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കെഎസ്ഇബി നടുവണ്ണൂർ സെക്ഷന് പരിധിയിലുള്ള ഹൈമാസ്റ്റ് വിളക്ക് മൂന്ന് വർഷം മുമ്പ് എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ സ്ഥാപിച്ചത്. ഒട്ടെറെ റോഡ് അപകടങ്ങൾ നടന്ന ഈ മേഖലയിൽ തെരുവ് വിളക്ക് പ്രവർത്തന ക്ഷമമല്ലാത്തത് അപകടത്തിന് സാധ്യതയേറെയാണ്. പലതവണയായി പഞ്ചായത്തിൽ പരാതി ഉന്നയിച്ചിട്ടും പ്രശ്ന പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു. വിളക്ക് അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് തരംഗം മാതൃഭൂമി സ്റ്റഡി സർക്കിൾ പ്രവർത്തകയോഗം ഉപദേശക സമിതി അംഗം ഗോവിന്ദൻകുട്ടി ഉള്ളിയേരി ആവശ്യപ്പെട്ടു.