ഉള്ളിയേരി: ഉള്ളിയേരിയുടെ സമീപ പ്രദേശങ്ങളായ മാമ്പൊയിലും, കുനഞ്ചേരിയിലും തെരുവ് നായയുടെ ആക്രമണം. കടിയേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാമ്പൊയിൽ സ്വദേശി തുടിയാടിമ്മൽ മാധവൻ (55), കൂനഞ്ചേരി അറബിക് കോളേജ് വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഷാമിൽ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കൂടാതെ പാൽ സംഭരണ കേന്ദ്രത്തിൽ പാലും കൊടുത്ത് മടങ്ങി വരുകയായിരുന്ന പുലയൻകണ്ടി പര്യേയ്ക്കുട്ടിയെയും നായ ആക്രമിക്കാൻ ശ്രമിച്ചു. ഇയാൾ കൈവശമുണ്ടായിരുന്ന പാൽപാത്രം കൊണ്ട് തടഞ്ഞാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.
ഉള്ളിയേരിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ സംഹാര താണ്ഡവമാണ്. ഉള്ളിയേരി അങ്ങാടിയിൽ 20 ദിവസം മുൻപ് നാലുപേരെ ഭ്രാന്തൻ നായ കടിച്ചിരുന്നു. കഴിഞ്ഞ വർഷം ഉള്ളിയേരി- 19ാം മൈലിലും കാഞ്ഞിക്കാവിലും ഒട്ടെറെ പേർക്ക് നായയുടെ കടിയേറ്റിരുന്നു.