Trending

പേരാമ്പ്ര ചക്കിട്ടപ്പാറയിൽ പുലിയിറങ്ങി; വളർത്തു മൃഗങ്ങളെ കൊന്നു


പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്ത് 4-ാം വാർഡിലെ പൂഴിത്തോട് മാവട്ടം മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഇറങ്ങിയ പുലി രണ്ടു വളർത്തു മൃഗങ്ങളെ കൊന്നു. മാവട്ടം വാട്ടർടാങ്ക് പ്രദേശത്തെ കുന്നത്ത് സന്തോഷിന്റെ വീട്ടിലെ നായയെ ആണ് ചൊവ്വാഴ്ച രാത്രി പുലി പിടിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതോടെ നായയെ ഉപേക്ഷിച്ചു പുലി ഓടിപ്പോയി. ഇതിനു ശേഷം മലമുകളിലെ സെന്റ് ജോസഫ് വിലാസം ജോസഫിൻ്റെ വളർത്തു നായയെയും പുലി പിടിച്ചു കൊണ്ടുപോയി.

കൊത്തിയ പാറ വനഭൂമിയിൽ നിന്നാണു വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. വനാതിർത്തിയിൽ സൗരവേലി ഇല്ലാത്തതാണ് പ്രധാന കാരണമായി നാട്ടുകാർ ചൂണ്ടികാണിക്കുന്നത്. മാവട്ടം മേഖലയിലെ 28 കുടുംബങ്ങൾ വന്യമൃഗ ഭീഷണിയിലാണ്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പൂഴിത്തോട്, ചെമ്പനോട മേഖലകളിലും ഓഗസ്‌റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മുതുകാട് പ്രദേശത്തും പുലിയിറങ്ങിയിരുന്നു.

പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ഇ. ബൈജുനാഥിന്റെ നേതൃത്വത്തിൽ വനംവകുപ്പ് സംഘം സ്ഥലം സന്ദർശിച്ച് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. മാവട്ടം മേഖലയിൽ ക്യാമറ സ്ഥാപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ രാത്രി പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ വാച്ചർമാരെ വനം വകുപ്പ് നിയമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post