കോഴിക്കോട്: നടക്കാവ് പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ തൃശൂര്‍ സ്വദേശി പുതുജീവിതത്തിലേക്ക്. എമറാള്‍ഡ് മാളില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയെ കാണാനില്ലെന്ന് ഇന്ന് പുലര്‍ച്ചെയാണ് നടക്കാവ് പോലീസിന് പരാതി ലഭിച്ചത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുതിരവട്ടത്ത് എത്തിയെന്ന് കണ്ടെത്തി.
തുടർന്ന് നിരവധി ലോഡ്ജുകളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ കുതിരവട്ടത്തുള്ള മൈലമ്പാടി അറ്റ്‌മോസ് ലോഡ്ജ് റിസപ്ഷനില്‍ ഫോട്ടോ കാണിച്ചപ്പോള്‍ കാണാതായ വ്യക്തി അവിടെയുണ്ടെന്ന് വ്യക്തമായി. മുറിയിലേക്ക് എത്തിയപ്പോള്‍ അടച്ചിട്ട നിലയിലായിരുന്നു. ഇത് ചവിട്ടിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ ആത്മഹത്യ ചെയ്യുന്നതിനായി കയര്‍ കുരുക്കിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസുകാര്‍ ആശ്വസിപ്പിക്കുകയും ബന്ധുക്കളെ വിളിച്ചുവരുത്തുകയും ചെയ്തു.
നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്.ഐ.ലീല, എസ്.സി.പി.ഓമാരായ അനീഷ് ബാബു, അബ്ദുല്‍ സമദ്, ഷജല്‍ ഇഗ്‌നേഷ്യസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പുലര്‍ച്ചെ 5:40ന് രജിസ്റ്റര്‍ ചെയ്ത് കേസില്‍ വെറും അഞ്ചു മണിക്കൂർ കൊണ്ടാണ് കാണാതായ വ്യക്തിയെ പോലീസ് കണ്ടെത്തിയത്. സ്റ്റേഷനില്‍ എത്തിച്ച ജാസിമിനെ സുഹൃത്തുക്കളോടും ഫാമിലിയോടും കൂടെ വിട്ടയച്ചു.