കോഴിക്കോട്: കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന പരാതിയിൽ സ്ഥാപന മാനേജര്‍ റിമാന്റില്‍. കുറ്റ്യാടി പോലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ നാദാപുരം വരിക്കോളി കൂര്‍ക്കച്ചാലില്‍ ലിനീഷിനെ (46)യാണ് നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.
ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് കോഴ്‌സ് എന്നിവയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വഞ്ചിച്ചു എന്ന പരാതിയിലാണ് ഇയാളെ കഴിഞ്ഞ ദിവസം കുറ്റ്യാടി സബ് ഇന്‍സ്‌പെക്ടര്‍ സി.ജയനും സംഘവും അറസ്റ്റ് ചെയ്തത്. കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടികളെ കോഴ്‌സിന് ചേര്‍ക്കുകയായിരുന്നു. തുടർന്ന് രണ്ട് വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാർത്ഥികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഒടുവില്‍ ഇയാൾ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയായിരുന്നു.
2021-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇയാൾ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഹോളോഗ്രാം മുദ്രയും സീലും പതിച്ച സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കോടതിയില്‍ ഹാജരാക്കി. 2014ലും സമാനമായ കേസിൽ അറസ്റ്റിലായ ഇയാൾക്ക് നാദാപുരത്തും ഇതേ പേരിൽ സ്ഥാപനമുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.