ഉള്ളിയേരി: തെരുവത്ത് കടവിൽ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ തേനീച്ചകളുടെ ആക്രമണം. തേനീച്ചയുടെ കുത്തേറ്റ് പത്തു പേർക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയോടെ ഒറവില്‍ താഴെ മലയില്‍ തൊഴിലുറപ്പ് പണി നടക്കുന്നതിനിടെയാണ് സംഭവം. സമീപത്തെ പറമ്പിൽ തേങ്ങ പറിയ്ക്കുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകി തേനീച്ചകൾ കൂട്ടത്തോടെ വന്നു ആക്രമിക്കുകയായിരുന്നു.
ഇന്ദിര, ശാന്ത, മാധവന്‍, ബലരാമന്‍ എന്നിവര്‍ക്കാണ് തലയ്ക്കും മുഖത്തും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റത്. ഇവരിൽ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റു രണ്ടുപേരെ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ അനില, ഷൈലജ, സരിത, പ്രേമ, രാരിച്ചന്‍ എന്നിവരെയും മറ്റൊരാളെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.