Trending

കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച; 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നു

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി. കവർച്ച നടന്ന സമയത്ത് അഷ്റഫും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഇന്നലെ രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. മൂന്നംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട് 

കഴിഞ്ഞ 19ാം തിയ്യതി മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അഷ്റഫും കുടുംബവും. ഇന്നലെ രാത്രി ഇവർ തിരികെ വീട്ടിലെത്തിനോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളിൽ നിന്നാണ് പണവും സ്വർണവും കവർന്നിരിക്കുന്നത്. മതിൽ ചാടിക്കടന്ന് അടുക്കള ഭാഗത്തെ ജനൽ തകർത്ത് അകത്ത് കയറിയാണ് മോഷ്ടാക്കൾ കിടപ്പുമുറിയിലേക്ക് എത്തിയതെയെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മോഷ്ടാക്കൾ മുഖം മറച്ചാണ് എത്തിയിരുന്നത്.

അരി മൊത്തവ്യാപാരിയാണ് അഷ്റഫ്. ഇവർ യാത്ര പോകുന്നെന്നും വീട്ടിൽ പണമുണ്ടന്നും മനസ്സിലാക്കിയാണ് മോഷ്ടാക്കൾ എത്തിയത്. അഷ്റഫിന്റെയും കുടുംബത്തിന്റെയും മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവമറിയുന്നതെന്ന് അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നു. പൊലീസ് ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

അഷ്റഫും കുടുംബവും ഇപ്പോൾ ബന്ധുവീട്ടിലാണുള്ളത്. ലോക്കറിന്റെ താക്കോൽ മറ്റൊരു അലമാരിയിൽ വെച്ച് പൂട്ടി ആ അലമാരയുടെ താക്കോൽ മറ്റൊരു അലമാരയിലാണ് വെച്ചിരുന്നത്. കളക്ഷൻ വരുന്ന പണമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. സാധാരണ ബാങ്കിൽ അടക്കാറാണ് പതിവ്. എന്നാൽ യാത്ര പോയതിനെ തുടർന്ന് പണം വീട്ടിൽ വെച്ച് പോയതാണെന്ന് ബന്ധു പറയുന്നു. അന്വഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതായി പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post