നരിക്കുനി: മടവൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമാ മുഹമ്മദിനും ഭർത്താവിനും നേരെ അക്രമം. അക്രമത്തിൽ പരിക്കേറ്റ ഇരുവരും താമരശ്ശേരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഭർത്താവ് സഹകരണ ബാങ്ക് ഡയറക്ടർ കെ.കെ മുഹമ്മദിന് തലയ്ക്കായിരുന്നു പരിക്ക്. സംഭവത്തിൽ ഒരാളുടെ പേരിൽ പോലീസ് കേസെടുത്തു. ഫാത്തിമാ മുഹമ്മദിന്റെ പരാതിയിൽ എരവന്നൂർ നാര്യച്ചാലിൽ അബ്ദുൽ ജലീലിന്റെ പേരിലാണ് കാക്കൂർ പോലീസ് കേസെടുത്തത്.
നാര്യച്ചാൽ-നാര്യച്ചാൽ മീത്തൽ പഞ്ചായത്ത് റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. നാര്യച്ചാൽ മീത്തൽ താമസിക്കുന്ന ഭിന്നശേഷിക്കാരനായ വ്യക്തിയുടെ വീടു നിർമ്മാണത്തിന് വാഹനം പോകുന്നത് സമീപവാസി റോഡിൽ കല്ലിട്ടതിനെ തുടർന്ന് തടസ്സപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. ഇതേ തുടർന്നാണ് സംഭവ സ്ഥലത്തെത്തിയത്. പഞ്ചായത്ത് റോഡിലെ തടസ്സം നീക്കം ചെയ്യുന്നതിനിടെ തന്നെയും ഭർത്താവിനെയും അക്രമിക്കുകയായിരുന്നുവെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.