നരിക്കുനി: പരപ്പൻപൊയിൽ-പുന്നശ്ശേരി-കാരക്കുന്നത്ത് റോഡിന്റെ നവീകരണത്തിന് കിഫ്ബിയിൽ നിന്ന് അനുവദിച്ച 45.27 കോടി രൂപയുടെ പ്രവൃത്തി ടെൻഡർ ചെയ്തു. കേരള റോഡ് ഫണ്ട് ബോർഡിന്റെ പ്രോജക്റ്റ് ഡയറക്ടർ പ്രൈസ് സോഫ്റ്റ്‌വെയറിൽ ഇ-ടെൻഡർ വിജ്ഞാപനം ഇന്നലെ പ്രസിദ്ധീകരിച്ചു. നവംബർ 28 വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. 30ന് ടെൻഡർ തുറക്കും.
കൊടുവള്ളി നഗരസഭയിലും നാലു പഞ്ചായത്തുകളിലുമായി കടന്നു പോകുന്ന 10 കിലോമീറ്റർ നീളമുളള റോഡിന്റെ നവീകരണം വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണു യാഥാർഥ്യമാകുന്നത്. പ്രവൃത്തിക്ക് ഭൂമി സൗജന്യമായി ലഭ്യമാക്കിയ ശേഷം 2023 ഒക്ടോബറിൽ സാങ്കേതിക അനുമതി ലഭ്യമായിരുന്നുവെങ്കിലും, കിഫ്ബി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ എസ്റ്റിമേറ്റിൽ അപാകതകൾ കണ്ടെത്തിയതിനാൽ സാങ്കേതിക അനുമതി റദ്ദാക്കിയിരുന്നു. പിന്നീട് റോഡിന്റെ മുഴുവൻ പ്രവൃത്തിയും റീ-എസ്റ്റിമേറ്റ് തയാറാക്കി വീണ്ടും സാങ്കേതികാനുമതി ലഭ്യമാക്കുകയായിരുന്നു.