Trending

അത്തോളിയിൽ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

അത്തോളി: വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വേളൂർ കോതങ്കലിൽ വാടകവീട്ടിൽ താമസിക്കും എലത്തൂർ മാഷിദ മൻസിൽ അബ്ദുൽ റഷീദിന്റെ മകൻ വി.മഷൂദ് (32) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ അസ്വഭാവികമായി ഒരാൾ കുനിയിൽ കടവ് റോഡ്, ടർഫിന് സമീപം നിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെയോടെ പരാതിക്കാരിയായ വീട്ടമ്മയെ പ്രതിയുടെ ഫോട്ടോ കാണിക്കുകയും അവർ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ബ്ലേഡ് കൊണ്ടാണ് മുറിവേൽപ്പിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. അക്രമം നടന്ന സ്ഥലത്ത് നിന്നും 50 മീറ്റർ അകലെ റോഡിൽ നിന്നും ബ്ലെയിഡ് കണ്ടെത്തിയിട്ടുണ്ട്. വീട്ടമ്മയുടെ പുറകിൽ നിന്നും ഓടിവന്നാണ് കൃത്യം നടത്തിയതെന്ന് പ്രതി വിവരിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് മഷൂദ് ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. വീട്ടമ്മ കടയിൽ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.

അത്താണിയിൽ വീട്ടമ്മ ജോലി ചെയ്തിരുന്ന ഷോപ്പിന് സമീപമുള്ള മത്സ്യക്കടയിലായിരുന്നു മഷൂദും ജോലി ചെയ്തിരുന്നത്. ഇയാൾ ശല്യം ചെയ്യുന്നതായി വീട്ടമ്മ കടയുടമയോട് പരാതി പറഞ്ഞതിനെ തുടർന്ന് ഒരു മാസം മുൻപ് ഇയാൾക്ക് ജോലി നഷ്ടമായത്. ഇതിനിടയിൽ മഷൂദ് നിരന്തരം വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും വീട്ടമ്മ നിരസിക്കുകയായിരുന്നു. ഈ രണ്ട് കാരണങ്ങളാണ് പ്രതിയെ പ്രതികാരം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

കേസന്വേഷണത്തിനും പ്രതിയെ കണ്ടെത്തുന്നതിനുമായി കോഴിക്കോട് ജില്ലാ പോലീസ് മേധാവി നിതിൻ രാജ് ഐപിഎസിന്റെ നിർദ്ദേശത്തെ തുടർന്ന് പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിന്റെ മേൽനോട്ടത്തിൽ അത്തോളി പോലീസ് ഇൻസ്‌പെക്ടർ ഡി.സജീവ് പ്രത്യേക ടീമിനെ രൂപീകരിച്ചിരുന്നു.

Post a Comment

Previous Post Next Post