തൃശൂർ: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റ്യനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍. സ്വന്തം ചാനൽ പരിപാടിക്കിടെ ശോഭ ആഡംബര ഹോട്ടലുകളിൽ മാത്രമേ താമസിക്കുകയുള്ളുവെന്നും അത്തരത്തിൽ താൻ ഒരു ഹോട്ടലിൽ ശോഭയ്ക്ക് മുറിയെടുത്തു നൽകി എന്ന പരാമർശമാണ് ശോഭ സുരേന്ദ്രനെ പ്രകോപിപ്പിച്ചത്. ആന്റോ അഗസ്റ്റ്യന്‍ എവിടെയെങ്കിലും എനിക്ക് മുറിയെടുത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കില്‍ അത് തെളിയിക്കണമെന്നും ശോഭ സുരേന്ദ്രന്‍ വെല്ലുവിളിച്ചു. ആന്റോ അഗസ്റ്റ്യനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.
ആന്റോ അഗസ്റ്റ്യന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശോഭ സുരേന്ദ്രന്‍. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ താൻ വന്നതിന്റെ തെളിവ് കാണിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം നിയമപരമായി ആന്റോ നേടിയിട്ടില്ലെന്നും, ജയിലില്‍ കിടന്ന ആന്റോ അഗസ്റ്റിന്റെ പേരില്‍ മംഗോ മൊബൈല്‍ തട്ടിപ്പ് ഉള്‍പ്പടെ നിരവധി കേസുകള്‍ ഉണ്ടെന്നും ശോഭ പറഞ്ഞു. പ്രസംഗിക്കാന്‍ വേണ്ടി മുട്ടിലേക്ക് പോയപ്പോള്‍ ബിജെപിയിലേക്ക് പ്രവേശനം ശെരിയാക്കി തരണം എന്ന് ആന്റോ പറഞ്ഞെന്നും നടക്കില്ലെന്ന് അപ്പോഴേ താന്‍ മറുപടി പറഞ്ഞെന്നും ശോഭ വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ രണ്ട് നേതാക്കളെ ഈ വിവരങ്ങളെല്ലാം അറിയിച്ചിട്ടുണ്ടെന്നും ശോഭ പറഞ്ഞു. ഇന്ന് മുതല്‍ ശോഭ സുരേന്ദ്രന്റെ മുഖം 24 ന്യൂസിലും റിപ്പോര്‍ട്ടർ ചാനലിലും വരാന്‍ പാടില്ലെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തിരൂര്‍ സതീശന്‍ പുറത്തുവിട്ട ഫോട്ടോ വ്യാജമാണെന്നും തന്റെ സഹോദരിയുടെ വീട്ടില്‍ വെച്ച് ഒന്നര വര്‍ഷത്തിലധികം മുമ്പ് എടുത്തതാണ് ചിത്രമെന്നും ശോഭ പഞ്ഞു. സതീഷിന്റെ ആരോപണങ്ങള്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കുമെന്നും ശോഭ വ്യക്തമാക്കി. മറ്റുള്ള മാധ്യമങ്ങള്‍ തന്നെ ബഹിഷ്‌കരിച്ചാല്‍ ഓണ്‍ലൈന്‍ ചാനലുകളെ ഉപയോഗിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.