പാലക്കാട്: സംസ്ഥാനത്ത് നവംബര്‍ 13ന് നടക്കാനിരുന്ന ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. പാലക്കാട് നവംബര്‍ 20ന് തിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷന്‍ തീരുമാനമെടുത്തു. അതേസമയം പാലക്കാടിനൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന ചേലക്കരയിലും വയനാട് ലോക്‌സഭ മണ്ഡലത്തിലും തീയതിയില്‍ മാറ്റമില്ല. ഇരു മണ്ഡലങ്ങളിലും നവംബര്‍ 13ന് തന്നെ തിരഞ്ഞെടുപ്പ് നടക്കും.
കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് ഇലക്ഷൻ കമ്മീഷന്റെ തീരുമാനം. തീയതി പ്രഖ്യാപിച്ചപ്പോൾ തന്നെ കൽപ്പാത്തി രഥോത്സവം തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കേരളം, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് മാറ്റിയത്.
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപിയ്ക്ക് ഏറെ സാധ്യതയുള്ള മണ്ഡലത്തില്‍ സി കൃഷ്ണകുമാറാണ് ബിജെപിയ്ക്കായി ജനവിധി തേടുന്നത്. കോണ്‍ഗ്രസ് വിട്ടെത്തിയ പി.സരിനാണ് ഇടത് സ്ഥാനാര്‍ത്ഥി. ഇത്തവണ പാലക്കാട് സരിന് പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം.