തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാര വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള തദ്ദേശ വകുപ്പിന്റെ പിഴകൂടാതെ പുതുക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടി നൽകിയത്. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന വ്യാപാര ലൈസൻസിനുള്ള കാലാവധി നേരത്തേ സെപ്റ്റംബർ 30വരെ ദീർഘിപ്പിച്ചിരുന്നു.
കെ-സ്മാർട്ട് വഴി അപേക്ഷിക്കാനുള്ള നിബന്ധനകള്‍ വ്യാപാരികള്‍ക്ക് കുരുക്കായതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു. തുടർന്ന് പുതുക്കല്‍ കാലാവധി ഒക്ടോബർ 31 വരെ ദീർഘിപ്പിച്ച് തദ്ദേശവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ദിവസം കാലാവധി അവസാനിച്ചതോടെയാണ് ഡിസംബർ 31 വരെ പിഴകൂടാതെ പുതുക്കുന്നതിന് അനുമതി നല്‍കി ഉത്തരവിറക്കിയത്. തദ്ദേശസ്ഥാപന പരിധിയിലെ ചെറുകിട വ്യാപാരികളാണ് കെ-സ്മാർട്ട് വഴി ലൈസൻസ് പുതുക്കേണ്ടത്.
അപേക്ഷയോടൊപ്പം ഓരോ വ്യാപാരിയും സത്യവാങ്മൂലം നല്‍കണമെന്നും സെപ്റ്റംബർ വരെ കെട്ടിടനികുതി അടച്ച രസീത് അപ്‌ലോഡ് ചെയ്യണമെന്നുമുള്ള നിബന്ധനകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Tags:
KERALA NEWS