തിരുവനന്തപുരം: ഒക്ടോബറിൽ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിലവിലെ റേഷന്‍ വിഹിതത്തിന് പുറമേ സ്‌പെഷ്യല്‍ അരിയും ലഭിക്കും. പിങ്ക്, നീല, വെള്ള, ബ്രൗണ്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിലോഗ്രാമിന് 26 രൂപ നിരക്കില്‍ സ്‌പെഷ്യൽ അരി നല്‍കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. പിങ്ക് കാര്‍ഡുകൾക്ക് പരമാവധി 3 കിലോഗ്രാം അരിയും നീല, വെള്ള, ബ്രൗണ്‍ കാര്‍ഡുകൾക്ക് പരമാവധി 10 കിലോഗ്രാം വീതം അരിയുമാണ് ലഭിക്കുക. ഓണക്കാലത്ത് വിതരണം ചെയ്ത സ്‌പെഷ്യൽ അരിയുടെ ബാക്കിവന്ന സ്റ്റോക്കാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഇതിനു പുറമേ, ഈ മാസം വെള്ള കാര്‍ഡുകാർക്ക് സാധാരണ റേഷന്‍ വിഹിതമായി നൽകുന്ന കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ 4 കിലോഗ്രാം അരി ലഭിക്കും. സ്‌പെഷ്യല്‍ വിഹിതമായി വെള്ള, നീല കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് 8.70 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ഗോതമ്പും നല്‍കും. അതാത് താലൂക്കിലെ സ്റ്റോക്കിന് അനുസരിച്ച് നീല, വെള്ള, ബ്രൗണ്‍ കാര്‍ഡുടമകള്‍ക്ക് 4 കിലോഗ്രാം വരെ ആട്ടയും ലഭിക്കും. ആട്ടയ്ക്ക് കിലോഗ്രാമിന് 17 രൂപയാണ് വില.
അതേസമയം, സ്റ്റോക്കില്ലാത്ത റേഷന്‍ കടകളിലും സ്‌പെഷ്യല്‍ അരി ആവശ്യപ്പെട്ട് കാര്‍ഡുടമകള്‍ എത്തുന്നത് വാക്കേറ്റത്തിന് കാരണമാകുന്നതായി റേഷന്‍ വ്യാപാരികള്‍ പറയുന്നു. പല കടകളിലും സ്റ്റോക്കില്ലെന്ന് അറിയിക്കുന്നതായി കാര്‍ഡുടമകളില്‍ നിന്ന് വ്യാപക പരാതിയുമുണ്ട്. ഭക്ഷ്യവകുപ്പിന്റെ സമൂഹമാധ്യമ പേജിലൂടെ പരാതി അറിയിക്കുന്നവര്‍ക്ക് അതാത് താലൂക്കുകളില്‍ വിതരണം ചെയ്ത സ്‌പെഷ്യല്‍ അരിയുടെ കണക്ക് അധികൃതര്‍ മറുപടിയായി നല്‍കുന്നുണ്ട്.