Trending

കടയിൽ നിന്ന് വാങ്ങിയ മത്തി കഴുകി വൃത്തിയാക്കുന്നതിനിടെ പ്രകാശം; അമ്പരന്ന് വീട്ടുകാർ, ആശങ്ക.


മാഹി: കടയിൽ നിന്ന് വാങ്ങിയ മത്സ്യം കഴുകി വൃത്തിയാക്കുന്നതിനിടെ പവർകട്ട്. വെളിച്ചം പോയപ്പോൾ ചട്ടിയിൽ തിളങ്ങുന്ന മത്തി കണ്ട് വീട്ടുകാർ അമ്പരന്നു. അപ്രതീക്ഷിതമായി കണ്ട പ്രകാശം പിന്നീട് വീട്ടുകാർ വെളിച്ചം കെടുത്തി ഉറപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തലശ്ശേരി എരഞ്ഞോളിയില്‍ നിന്നും മാഹി സ്വദേശിനി ശ്രുതി ജിബിന്‍ വാങ്ങിയ മത്തി മത്സ്യത്തിൻ്റെ മുട്ടയിലാണ് പ്രകാശം കാണാൻ കഴിഞ്ഞത്. സംഭവത്തിന്റെ വീഡിയോയും വൈറലാവുന്നുണ്ട്. ഈ മത്തി കഴിക്കാനാവുമോയെന്ന സംശയത്തിലാണ് വീട്ടുകാരുള്ളത്.

മത്തിയിൽ സ്വന്തമായി പ്രകാശം ഉണ്ടാക്കുന്ന ജീവിയല്ലെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത് സംഭവിക്കാമെന്ന് പഠനങ്ങൾ വിശദമാക്കുന്നു. കടലിൽ നിന്ന് പിടികൂടിയ മത്തി ചത്ത് കഴിയുമ്പോൾ ചില ബാക്ടീരിയകൾ ഇവകളിൽ വളരാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഇരുട്ടിൽ ഈ ബാക്ടീരിയകൾ കാരണം നീലയോ പച്ചയോ കലർന്ന വെട്ടം കാണാനാകും. മീനുകളിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രവർത്തിച്ചും നേരിയ തിളക്കം ഉണ്ടാവാൻ സാധ്യതയുണ്ട്.

മീൻ കേടാവാതിരിക്കാൻ ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ അമിതമായി ചേർക്കുന്നത് മൂലവും ചിലപ്പോൾ വ്യത്യാസങ്ങൾ കണ്ടേക്കാം. എങ്കിലും പ്രകാശിക്കുന്ന ഭൂരിഭാഗം സാഹചര്യങ്ങളിലും കാരണം ബാക്ടീരിയകൾ തന്നെയാണ്. ബാക്ടീരിയകളുടെ അമിതമായ വളർച്ചയെ തുടർന്നാണ് പ്രകാശം ഉണ്ടാകുന്നതെങ്കിൽ മീൻ അഴുകി തുടങ്ങിയതിൻ്റെ സൂചനയാണ്. അതിനാൽ ഇത്തരം മത്സ്യങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post