Trending

കൊഴിഞ്ഞാമ്പാറയിൽ കുട്ടികൾ മരിച്ച സംഭവം കൊലപാതകം; കൊന്നത് താനെന്ന് മാതാവിന്റെ കുറ്റസമ്മതം.

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ കുട്ടികൾ വെള്ളടാങ്കിൽ വീണു മരിച്ച സംഭവം കൊലപാതകം. കുട്ടികളെ കൊന്നത് താനാണെന്ന് മാതാവ് നിവേദ്യ സമ്മതിച്ചു. ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസ്സമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ഡിവൈഎസ്പി ശശിധരൻ പറഞ്ഞു. കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം മുക്കിക്കൊന്ന ശേഷം ഇളയകുട്ടിയെ വെള്ളത്തിൽ മുക്കിക്കൊന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് മുൻപുള്ള സംഭവങ്ങൾ പരിശോധിച്ചതിലും കൊലപാതകം വ്യക്തമായതായി പോലീസ് പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടികളുടെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. വീട്ടിലെ കുളിമുറിയിലെ ചെറിയ സിമന്റ് വെള്ളടാങ്കിലാണ് അഞ്ചു വയസുകാരിയെയും മൂന്നു വയസുകാരെനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ടാങ്കിൽ അബദ്ധത്തിൽ വീണാലും അഞ്ച് വയസുള്ള കുട്ടിക്ക് സ്വയം രക്ഷപ്പെടാൻ കഴിയുമായിരുന്ന സാഹചര്യം ഉണ്ടായിരുന്നു. പിന്നെ എങ്ങനെ കുട്ടി മരിച്ചുവെന്ന പോലീസിന്റെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ജോൺ കുമാറിൻ്റെയും നിവേദ്യയുടെയും മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരായിരുന്നു കഴിഞ്ഞ ദിവസം മരിച്ചത്. കൊഴിഞ്ഞാമ്പാറയിൽ മേനോൻപാറ കൂരാങ്കാ‌ട്ട് വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോൺ കുമാറും കുടുംബവും. കളിക്കുന്നതിനിടെ കുട്ടികൾ കുളിമുറിയിലെ വെള്ളടാങ്കിൽ വീണെന്നായിരുന്നു ഇവർ ആദ്യം പറഞ്ഞത്. കുട്ടികൾ വീണു കിടക്കുന്നത് കണ്ടയുടൻ നാട്ടുകാർ അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ജെന്നിഫർ മേനോൻപാറ യുപി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയാണ്.

Post a Comment

Previous Post Next Post