ഉള്ളിയേരി: കടന്നൽ കുത്തേറ്റ തൊഴിലാളിയ്ക്ക് മറുമരുന്ന് പുരട്ടാൻ സഹായിക്കുന്നതിനിടെ യുവാവിന് നേരെ കടന്നൽക്കൂട്ടത്തിൻ്റെ ആക്രമണം. കൂനഞ്ചേരി മീത്തലെ തറോൽ വിമൽജിത്ത് (40) നാണ് കുത്തേറ്റത്. ഇയാളെ മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് മൂന്നു മണിക്ക് വിമൽജിത്തിൻ്റെ വീടിന് മുൻപിലെ പറമ്പിൽ അട്ടിയിട്ട ചെങ്കൽ എടുക്കുകയായിരുന്ന തൊഴിലാളിക്കാണ് ആദ്യം കടന്നൽ കുത്തേറ്റത്. കുത്തേറ്റ ആൾക്ക് പച്ചമഞ്ഞൾ പുരട്ടുന്നതിനിടെയാണ് കടന്നൽ കൂട്ടത്തോടെ വന്ന് യുവാവിനെ കുത്തിയത്. വിമൽജിത്ത് 300 മീറ്ററോളം അകലെയുള്ള മരുതൂർ ക്ഷേത്രകുളത്തിൽ ചാടി മുങ്ങി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ ചേർന്ന് കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിമൽജിത്ത് ഓടി രക്ഷപ്പെടുന്ന വഴിയിലൂടെ പോകുകയായിരുന്ന രണ്ടു പേർക്കും കുത്തേറ്റു. ഇരുവരും മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.