ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിലൂടെയുള്ള സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ യാത്രക്കാർക്ക് അപകടഭീഷണി സൃഷ്ടിക്കുന്നു. അമിത വേഗതയിൽ സ്റ്റാൻഡിലേക്ക് എത്തിയ കോഴിക്കോട്- കൂരാച്ചുണ്ട് റൂട്ടിലെ നന്ദന ബസ്സിടിച്ച് നിലത്ത് വീണ വിദ്യാർത്ഥിനി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. വീഴ്ചയിൽ കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയും ഒരു യാത്രക്കാരന് ബസ്സിടിച്ച് പരിക്കേറ്റിരുന്നു. സ്റ്റാൻഡിന് ഉള്ളിലേക്ക് വരുന്ന ബസ്സുകൾ മത്സരബുദ്ധിയോടെ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് വളച്ച് വെക്കുന്നത്. അതേ വേഗതയിൽ തന്നെ മുന്നോട്ടും പിന്നോട്ടും എടുക്കുന്നതും സ്റ്റാൻഡിലെ പതിവ് കാഴ്ചയാണ്. ബാലുശ്ശേരി ബസ്സ് സ്റ്റാൻഡിൽ പോലീസിനെ നിയോഗിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.