Trending

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷിറോഫിന് നേരെ വെടിവെയ്പ്പ്; പിന്നിൽ ബിഷ്ണോയ് സംഘം.

മുംബൈ: മുംബൈയിലെ ജുഹുവിൽ വെച്ച് ബോളിവുഡ് നടൻ ടൈഗർ ഷിറോഫിന് നേരെ അക്രമികളുടെ വെടിവെയ്പ്പ്. നടൻ സഞ്ചരിച്ച കാറിന് നേരെയാണ് വെടിവെയ്‌പ്പെന്നാണ് വിവരം. ടൈഗർ ഷിറോഫിൻ്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. എന്നാൽ ടൈഗർ ഷ്റോഫ് പരിക്കുകൾ ഒന്നുമേൽക്കാതെ രക്ഷപ്പെട്ടു. താരം സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് താരത്തിന് നേരെ വെടിയുതിർത്തത്. വെടിവെയ്പ്പിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെങ്കിലും അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. ടൈഗർ ഷിറോഫ് മുന്നറിയിപ്പ് അവഗണിച്ചെന്നാണ് ബിഷ്ണോയ് ഗ്യാങ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. സൽമാൻഖാനൊപ്പം പ്രവർത്തിക്കുന്നവരെ അവസാനിപ്പിക്കുമെന്നാണ് നിലപാട്. ഇത് ആദ്യത്തെതും അവസാനത്തെയും മുന്നറിയിപ്പാണെന്നും ബിഷ്ണോയ് ഗ്യാങ് കൂട്ടിച്ചേർത്തു. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പോലീസ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ടുള്ള തുടർ ആക്രമണങ്ങൾ മുംബൈയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതേസമയം ടൈഗർ ഷിറോഫിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പോലീസിനെയും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. 'ബോളിവുഡ് നടൻ ടൈഗർ ഷിറോഫിൻ്റെ കാറിന് നേരെയുണ്ടായ വെടിവെയ്പ്പ് തീർത്തും ഞെട്ടിക്കുന്നതാണ്. മുംബൈയിൽ എന്താണ് സംഭവിക്കുന്നത്'- എന്നായിരുന്നു എഐസിസി സെക്രട്ടറി സച്ചിൻ സാവന്ത് പ്രസ്താവനയിലൂടെ ചോദിച്ചത്. ബാബ സിദ്ദിഖിയുടെ കൊലപാതകം, സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെയ്പ്പ്, നിരവധി നടന്മാർക്കും നിർമ്മാതാക്കൾക്കും നേരെയുള്ള ഭീഷണികൾ, ഈ സർക്കാരിന് കീഴിൽ മുംബൈയിലെ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്നും സാവന്ത് ആരോപിച്ചു. മുഖ്യമന്ത്രി പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post