ബെർലിൻ: പടിഞ്ഞാറൻ ജർമ്മൻ നഗരമായ ബോഹുമിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കൊല്ലം ചെമ്മക്കാട് സ്വദശിനി അഞ്ജലി ഷീല ജോയി (27), ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു (25), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26) എന്നിവരാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനായ റൊമാനിയൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ 4.15 ഓടെയാണ് അപകടം. ഉടനെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയ്ക്ക് തീയും പുകയും നിറഞ്ഞതിനാൽ മുകളിലെ നിലകളിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഏണി ഉപയോഗിച്ച് നാലുപേരെ രക്ഷപ്പെടുത്തി. മറ്റൊരാൾ കെട്ടിടത്തിൽ നിന്ന് താഴേയ്ക്ക് ചാടി രക്ഷപ്പെട്ടു. രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
സാങ്കേതിക തകരാറാണ് അപകടകാരണമെന്ന സാധ്യത അന്വേഷണ സംഘം തള്ളി. അറസ്റ്റിലായ 41 കാരനായ റൊമാനിയക്കാരൻ തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ താമസക്കാർ തമ്മിൽ തലേദിവസം തർക്കമുണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കൊല്ലം സ്വദേശിനിയായ അഞ്ജലി ബെർലിനിലായിരുന്നു മുൻപ് താമസിച്ചിരുന്നത്. ഈ അപാർട്മെന്റിലേക്ക് മാറിയിട്ട് രണ്ട് ആഴ്ചയെ ആയിട്ടുള്ളു. റെസ്റ്റോറന്റിലെ ജീവനക്കാരിയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ജർമ്മനിയിലേക്ക് പോയത്. ആറുമാസം മുൻപാണ് നോവ സാബു ജോലിക്കായി ജർമനിക്ക് പോയത്.