Trending

പ്രിയദർശിനി സർവീസുകൾ തിരിച്ചടിയായി; നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് സ്വകാര്യ ബസ്സുകൾ.


കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ പണിമുടക്കിലേക്ക്. പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മിനിമം ബസ് ചാർജ് 15 രൂപയാക്കണമെന്നും വിദ്യാർത്ഥി കൺസഷൻ 5 രൂപയാക്കണമെന്നുമാണ് സ്വകാര്യ ബസ് ഫെഡറേഷന്‍റെ പ്രധാന ആവശ്യം. നവംബര്‍ മൂന്നു മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസ്സുകളുടേയും സര്‍വീസ് അനശ്ചിത കാലത്തേക്ക് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.

അടുത്ത മാസം മുതൽ സർവീസുകൾ പൂർണമായി നിർത്തുമെന്ന് നേരത്തെ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചിരുന്നു. തങ്ങളുടെ ഒരാവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ബസ്സുടമകള്‍ പറയുന്നു. പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാനോ പോലും വരുമാനം ലഭിക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വിവിധ പ്രക്ഷോഭ സമരങ്ങൾക്ക് രൂപം നൽകിയിരുന്നു

പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ്സുടമകൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും പലപ്പോഴും കാലിയായി ഓടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും ഇതിനു പരിഹാരമുണ്ടാക്കണമെന്നും ചൂണ്ടിക്കാട്ടി ബസുടമകൾ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ ചർച്ചകളൊന്നും ഉണ്ടായില്ല. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലെ നഷ്ടം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിച്ചിരുന്നു. ഒരേ റൂട്ടിൽ സ്വകാര്യ ബസ്സുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തിക നഷ്ടമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post