വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക മാണ്ഡ്യ സർവകലാശാലയിലെ പിജി വിദ്യാർത്ഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലർ ഡ്രൈവറായ കർണാടക സ്വദേശി രഞ്ജിത്ത് (40), പാചകക്കാരനായ മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. 13 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഇന്ന് പുലർച്ചെ 1.45 ഓടെ ബീനാച്ചിക്ക് സമീപമായിരുന്നു അപകടം. 13 വിദ്യാർത്ഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ലോറിയുമായി കൂട്ടിയിടിച്ച് ട്രാവലർ തലകീഴായി മറിയുകയായിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ട്രാവലർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.