കുന്ദമംഗലം: പടനിലത്ത് നിർമ്മാണം പുരോഗമിക്കുന്ന പുതിയ പാലത്തിന്റെ പൂർണമായ ഗുണഫലം പ്രദേശവാസികൾക്കും യാത്രികർക്കും ലഭിക്കണമെങ്കിൽ, പാലം നിർമ്മാണത്തോടൊപ്പം പടനിലം ജംഗ്ഷന്റെ നവീകരണവും അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ജംഗ്ഷൻ വികസനത്തിനായി ദേശീയപാത (NH) വിഭാഗം പ്രത്യേക ഫണ്ട് അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടും പദ്ധതി നടപ്പാക്കുന്നത് വൈകുന്നതിൽ നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജംഗ്ഷൻ വികസനം അനാവശ്യമായി നീട്ടിക്കൊണ്ടു പോകുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
പടനിലം പാലം മുതൽദേശീയ പാതയിൽ പടനിലം ജംഗ്ഷൻ ഉൾപ്പെടെ വീതി കൂട്ടി ട്രാഫിക് പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോ ടെയാണ് ദേശീയ പാത വിഭാഗം പടനിലം ജംഗ്ഷൻ വികസന പദ്ധതി വഴി ലക്ഷ്യമിട്ടത്. ഭരണാനുമതി ലഭിച്ച പദ്ധതി ടെന്റർ ചെയ്ത് പ്രവർത്തി തുടങ്ങുകയാണ് വേണ്ടത്. അതിന് എംപി, എംഎൽഎമാർ മുൻകയ്യെടുത്ത് നടപടി ത്വരിതപ്പെടുത്തണം. നിലവിലെ സാഹചര്യത്തിൽ പടനിലം ജംഗ്ഷൻ വീതികൂട്ടി നവീകരിക്കാതെ പുതിയ പാലം മാത്രം യാഥാർഥ്യമായാൽ, പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകില്ലെന്നാണ് നാട്ടുകാരുടെ ആശങ്ക.
പടനിലം പാലത്തിൽ പതിവായി ഉണ്ടാവുന്ന ഗതാഗതസ്തംഭനം നിമിഷ നേരംകൊണ്ട് ദേശീയ പാതയിലേക്ക് വരെ എത്തുന്നുണ്ട്. നിത്യമായ ഗതാഗതസ്തംഭനം ദക്ഷിണേന്ത്യയിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ മടവൂർ സിഎം മഖാം ഉൾപ്പെട്ട നരിക്കുനി റൂട്ടിലെ ബസ് സർവ്വീസിനെ പോലും കാര്യമായി ബാധിച്ചതായി ബസ്സുടമകൾ പറയുന്നു. കോടികൾ ചെലവഴിച്ച് നിർമിക്കുന്ന പുതിയ പാലത്തിന്റെ യഥാർത്ഥ പ്രയോജനം ലഭിക്കണമെങ്കിൽ, പാലം നിർമ്മാണവും ജംഗ്ഷൻ നവീകരണവും ഒരേ സമയപരിധിയിൽ പൂർത്തിയാക്കേണ്ടതുണ്ടെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
പാലം പണി പൂർത്തിയാക്കി ജംഗ്ഷൻ വികസനം പിന്നീട് എന്ന സമീപനം സ്വീകരിച്ചാൽ കോടികളുടെ വികസന പദ്ധതിയുടെ പൂർണ ഗുണഫലം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും, അതിനാൽ ഭരണാനുമതി ലഭിച്ച ജംഗ്ഷൻ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിച്ച് പാലം പണിയോടൊപ്പം തന്നെ പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പടനിലം പാലം അപ്രോച്ച് റോഡ് നിർമ്മാണ പ്രവർത്തിയും സ്തംഭനത്തിലായതോടെ പാലം ഭാഗത്തെ വാഹന യാത്രികരുടെ ദുരിതത്തിനു പരിഹാരം അനന്തമായി നീളുമോ എന്നാശങ്കയും സൃഷ്ടിച്ചിരിക്കയാണ്.