കൊണ്ടോട്ടി: പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. മഞ്ചേരി മാരിയാട് സ്വദേശി പി. മുഹമ്മദ് വാസിമിന്റെ ഭാര്യ റീം സിതാരയാണ് (24) മരിച്ചത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവശേഷമുണ്ടായ അമിത രക്തസ്രാവമാണ് മരണ കാരണം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
യുവതിയുടെ കുഞ്ഞ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യുവതി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞൂല്‍ പ്രസവശേഷം രക്തസ്രാവമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച യുവതിക്ക് രക്തം നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ശനിയാഴ്ച പുലര്‍ച്ചയോടെ മരിച്ചു. മരണ കാരണം പ്രസവസമയത്തെ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുണ്ട്. കൊണ്ടോട്ടി തുറക്കല്‍ ജാബിര്‍ പള്ളത്തിലിന്റേയും ഷറീന മണ്ണാരിലിന്റേയും മകളാണ്. സഹോദരങ്ങള്‍: നസല്‍ ഷാഹിന്‍, റയ റോസ്, അസിം റഷിന്‍.