Trending

യാഥാർത്ഥ്യമാകുമോ മോതിരക്കടവ് പാലം; പ്രതീക്ഷയോടെ പ്രദേശവാസികൾ.


ഉള്ളിയേരി: ഉള്ളിയേരി-നടുവണ്ണൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് രാമൻപുഴയ്ക്ക് കുറുകെ മോതിരക്കടവ് പാലം വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് പുതിയ സർക്കാറിൻ്റെ കാലത്തെങ്കിലും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഉള്ളിയേരി ഒറവിൽ നിവാസികൾ. 1975-ൽ കക്കോടി ബ്രാഞ്ചുകനാൽ വന്നത് മുതൽ തുടങ്ങിയ കാത്തിരിപ്പാണിത്. പാലം യാഥാർത്ഥ്യമായാൽ ഉള്ളിയേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

ഉള്ളിയേരി-പേരാമ്പ്ര റോഡ് ജംങ്ഷനിൽ വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന വലിയ ഗതാഗതക്കുരുക്ക് യാത്രക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, പേരാമ്പ്ര, എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഒരുമിച്ച് എത്തുന്ന ഉള്ളിയേരി ജംങ്ഷനിൽ ഗതാഗത തടസ്സം കാരണം ഈ റോഡുകളിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ദീർഘനേരം നീണ്ടുനിൽക്കുന്ന ഈ ഗതാഗതക്കുരുക്കിൽ കുറ്റ്യാടി, താമരശ്ശേരി, കോഴിക്കോട് എന്നീ ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളും വിദ്യാർത്ഥികളടക്കമുളളവർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. 

പാലം നിലവിൽ വന്നാൽ കുറ്റ്യാടിയിൽ നിന്ന് താമരശ്ശേരി ഭാഗത്തേക്കും അവിടെ നിന്ന് തിരിച്ചും യാത്രചെയ്യുന്ന ചെറു വാഹനങ്ങൾക്ക് ഉള്ളിയേരി ടൗൺ ബന്ധപ്പെടാതെ നടുവണ്ണൂരിൽ എത്തിച്ചേരാൻ സാധിക്കുന്നത് ഉള്ളിയേരിയിലെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. ഈ പാലവും റോഡും യാഥാർത്ഥ്യമാകുന്നതോടുകൂടി നടുവണ്ണൂർ ടൗണിനെ ബന്ധപ്പെടാതെ കനാൽറോഡുകൾ വഴിയും മറ്റു കണക്‌ഷൻ റോഡുകൾ വഴിയും ചെറുവാഹനങ്ങൾക്ക് മുളിയങ്ങൽ വഴി കുറ്റ്യാടി സംസ്ഥാനപാതയിലൂടെ പേരാമ്പ്രയിൽ എത്താം.

Post a Comment

Previous Post Next Post