അത്തോളി: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന്റെ പേരിൽ നിരന്തരം വാർത്തകളിൽ ഇടംപിടിക്കാറുള്ള കോഴിക്കോട്- അത്തോളി- കുറ്റ്യാടി റൂട്ടിൽ നിന്നും മാതൃകാപരമായ ഒരു ജീവൻ രക്ഷാവാർത്ത. ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരന് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കി ജീവൻ രക്ഷിച്ച "ഒമേഗ" ബസ്സിലെ ജീവനക്കാർക്ക് നാട്ടുകാരുടെ ആദരം.
അത്തോളി വേളൂർ വെസ്റ്റ് സ്വദേശി നൗഫൽ കുനിയിലും ഭാര്യയും അത്തോളി വേളൂരിൽ നിന്നും കഴിഞ്ഞ ആഴ്ച കോഴിക്കോടേക്ക് പോകുന്നതിനായി ഒമേഗ ബസ്സിൽ കയറി യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ബസ് പാവങ്ങാട് എത്തിയപ്പോൾ നൗഫലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റാമെന്ന് കരുതിയെങ്കിലും, സ്ഥിതിയുടെ ഗൗരവം മനസ്സിലാക്കിയ ബസ് ജീവനക്കാർ ഒട്ടും സമയം കളയാതെ ബസ് നേരിട്ട് ഫാത്തിമ ആശുപത്രിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. മറ്റു യാത്രക്കാരും ഇതിനോട് പൂർണ്ണമായി സഹകരിച്ചതോടെ, ഗതാഗതക്കുരുക്കുകൾ മറികടന്ന് രോഗിയെ സമയത്തുതന്നെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചു.
കൃത്യസമയത്ത് ലഭിച്ച വിദഗ്ധ ചികിത്സയെ തുടർന്ന് നൗഫൽ സുഖം പ്രാപിച്ചുവരുന്നു. ബസ് ജീവനക്കാരുടെ ഈ കരുതലിനും സമയരോചിതമായ ഇടപെടലിനും നന്ദി അറിയിച്ചുകൊണ്ട് നാട്ടുകാർ കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തി "ഒമേഗ" ബസ്സിലെ ജീവനക്കാരെ ആദരിച്ചു.