കോഴിക്കോട്: കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രാത്രി യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമില്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അപകടസാധ്യത കണക്കിലെടുത്ത് ഇന്ന് രാത്രി ഏഴു മുതൽ നാളെ രാവിലെ ഏഴു വരെ പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാകളക്ടർ ഉത്തരവിട്ടു. താമരശ്ശേരി, തിരുവമ്പാടി, കൂരാച്ചുണ്ട് തുടങ്ങിയ മലയോര മേഖലകളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള വഴികളിൽ ഗതാഗതം പൂർണമായും പോലീസ് നിയന്ത്രിക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അടിയന്തര വാഹനങ്ങൾക്ക് നിയന്ത്രണത്തിൽ ഇളവുണ്ടാകും.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് വൈകീട്ട് മുതൽ നാളെ വരെ ജില്ലയിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലേയാര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മരം കടപുഴകി വീഴൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
നദികൾ, ക്വാറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, കടൽ തീരങ്ങൾ എന്നിവിടങ്ങളിൽ വിനോദത്തിനും മീൻപിടിക്കാനും ഇറങ്ങുന്നത് കർശ്ശനമായി നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും. എല്ലാ വില്ലേജുകളിലും മഴയുടെ അളവും, ജലനിരപ്പും ശേഖരിച്ച് ഓരോ മണിക്കൂറിലും ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിന് കൈമാറും.
അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ആവശ്യമായ സാഹചര്യത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ഇന്നു തന്നെ മാറ്റിപ്പാർപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫീസർമാരും നടപടി സ്വീകരിക്കും. ക്യാമ്പുകളുടെ വിവരങ്ങളും ഹെൽപ്‌ലൈൻ നമ്പറുകളും പ്രാദേശികമായി ജനങ്ങളെ അറിയിക്കും. പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.