Trending

വെള്ളം കയറി ഒന്നര മാസം കഴിഞ്ഞു, കോഴിക്കോട് ജില്ലയിലും അടിയന്തര പ്രളയ ദുരിതാശ്വാസ തുക ലഭിച്ചില്ല.


കോഴിക്കോട്‌: കോഴിക്കോട്‌ ജില്ലയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായം ഒന്നര മാസമായിട്ടും ലഭിക്കാതെ പ്രളയ ബാധിതർ ദുരിതത്തിൽ. ജില്ലയിൽ വീടും ഉപജീവന മാർഗ്ഗങ്ങളും നഷ്‌ടപ്പെട്ട ആയിരത്തോളം പേരാണ്‌ ധനസഹായത്തിനായി കാത്തിരിക്കുന്നത്‌. ഓരോ കുടുംബത്തിനും 10,000 രൂപ വീതവും തൊഴിലിന്‌ പോകാൻ കഴിയാത്തവർക്ക്‌ ദിവസേന 300 രൂപയെന്ന കണക്കിൽ ഏഴു ദിവസത്തേക്ക്‌ നൽകുമെന്നുമായിരുന്നു പ്രഖ്യാപനം. ഇത്തരത്തിൽ ജില്ലയിൽ ഒരു കോടിയിലധികം രൂപയാണ് നൽകാനുളളത്. 

കഴിഞ്ഞ ആഗസ്റ്റിൽ പെയ്‌ത കനത്ത മഴയിൽ ജില്ലയിലെ നിരവധി വീടുകൾക്ക്‌ നാശനഷ്‌ടമുണ്ടാകുകയും കൃഷിയിടങ്ങൾ ഉൾപ്പെടെ നശിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ പല പ്രദേശങ്ങളിലും മഴ കാര്യമായി ബാധിച്ചെങ്കിലും കൂടുതൽ നാശം വിതച്ചത്‌ കോഴിക്കോട്‌ താലൂക്കിലായിരുന്നു. സാധാരണക്കാർക്ക്‌ ആശ്വാസമായി തുക അനുവദിക്കുമെന്ന്‌ സർക്കാർ പറഞ്ഞെങ്കിലും പ്രഖ്യാപനം വാക്കിലൊതുങ്ങി. നിലവിൽ 139 പേരുടെ അപേക്ഷ പരിഗണനയിലാണെന്നും ഉടൻ വിതരണം ചെയ്യുമെന്നുമാണ്‌ ദുരന്തനിവാരണ വിഭാഗം അധികൃതർ അറിയിക്കുന്നത്. 

കൂടുതൽ നാശം വിതച്ച കോഴിക്കോട്‌ താലൂക്കിൽ 88 പേർക്ക്‌ തുക അനുവദിച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാൽ ഇത്‌ എന്ന്‌ കിട്ടുമെന്ന്‌ വ്യക്തമല്ല. ഇതുകൂടാതെ എണ്ണൂറിലധികം അപേക്ഷകൾ പട്ടികയ്ക്ക്‌ പുറത്താണ്‌. വിവിധ അപേക്ഷകൾ വില്ലേജ് ഓഫീസർമാരുടെ പരിഗണനയിലാണ്‌. ഇതിന്‌ ശേഷം താലൂക്ക്‌ ഓഫീസ്‌ വഴിയാണ്‌ അപേക്ഷ ദുരന്ത നിവാരണ വിഭാഗത്തിലെത്തേണ്ടത്‌. ഇ‍ൗ തുക എന്നു കിട്ടുമെന്ന ആശങ്കയിലാണ്‌ ദുരിതബാധിതർ.

Post a Comment

Previous Post Next Post