എറണാകുളം: മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പല്ലൂർ തേവലത്തിൽ കൃഷ്ണൻ-സുശീല ദമ്പതികളുടെ മകൻ അക്ഷയ് കൃഷ്ണനാണ് (19) മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റാണ് പൊട്ടി വീണത്. മൂന്നാമത്തെ നിലയിൽ നിന്നാണ് ലിഫ്റ്റ് പൊട്ടി താഴേക്ക് പതിച്ചത്. മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്നു അക്ഷയ് നിലത്തേക്ക് തെറിച്ചു വീഴുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിർമ്മിച്ച മൂന്നുനില കെട്ടിടത്തിലാണ് കടയുടെ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. വെള്ളൂർക്കുന്നത്ത് നഗരസഭ ബിൽഡിംഗിലുള്ള കടയിലെ ജീവനക്കാരനായ അക്ഷയ് സാധനങ്ങൾ എടുക്കാനായാണ് ഗോഡൗണിലേക്ക് എത്തിയത്. മുകൾ നിലകളിലാണ് സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നത്. ഗോഡൗണിൽ ആവശ്യമുള്ള സാധനം കണ്ടെത്താൻ പറ്റാത്തതിനെ തുടർന്ന് കടയിലേക്ക് വിളിച്ചിരുന്നു. തുടർന്ന് മറ്റൊരു ജീവനക്കാരൻ എത്തിയപ്പോഴാണ് അക്ഷയ് നിലത്തുവീണ് കിടക്കുന്നത് കണ്ടത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അക്ഷയ്നെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർദ്ധന കുടുംബത്തിന് ഏക അത്താണിയായിരുന്നു യുവാവ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരുണിമയാണ് അക്ഷയ്‍യുടെ ഏക സഹോദരി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് നടക്കും.