കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ സിനിമാ റിവ്യൂ നടത്തി ശ്രദ്ധേയനായ യുട്യൂബർ ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക് പോലീസ് കസ്റ്റഡിയിൽ. മദ്യപിച്ച് വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിലാണ് അശ്വന്തിനെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഇന്ന് രാത്രി 7.30 ഓടെയായിരുന്നു അപകടം. കാറിലും ബൈക്കിലും അശ്വന്ത് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് അശ്വന്തിനെ വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.
തുടർന്ന് അശ്വന്തിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. ഇടിച്ച വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിപ്രകാരം അശ്വന്ത് കോക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.