പൂനൂർ: പൂനൂർ ടൗണിൽ തുടർക്കഥയാവുന്ന ഗതാഗതക്കുരുക്കിന് അയവ് വരുത്താൻ ഉണ്ണികുളം ഗ്രാമപഞ്ചായത്തും ബാലുശ്ശേരി പോലീസും ചേർന്ന് നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നു. ടൗൺ ജംഗ്ഷൻ പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശ്ശനമായി നിരോധിച്ചിട്ടുണ്ട്.
നരിക്കുനി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ സുന്നി ജുമാമസ്ജിദിന് എതിർവശത്തായാണ് യാത്രക്കാരെ കയറ്റാൻ നിർത്തേണ്ടത്. മഠത്തുംപോയിൽ റോഡിൻ്റെ ഇരു ഭാഗങ്ങളിലുമുള്ള പാർക്കിംഗ് മാർക്കറ്റ് പരിസരം വരെ നിരോധിച്ചിട്ടുണ്ട്. ടൗൺ ജംഗ്ഷനിലെ കുരുക്ക് ഒഴിവാക്കാൻ കോളിക്കൽ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സംസ്ഥാനപാതയിലെ പാലത്തിലൂടെ അങ്ങാടിയിലേക്ക് പ്രവേശിക്കണം. ഓട്ടോ പാർക്കിംഗ് റോഡ് അരികിലേക്ക് മാറ്റിയിട്ടുണ്ട്. ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോർഡുകൾ പഞ്ചായത്ത് അധികൃതരുടെയും ബാലുശ്ശേരി പോലീസിന്റെ നേതൃത്വത്തിൽ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ അബ്ദുള്ള മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഭിജിത്ത്, അസ്‌ലം കുന്നുമ്മൽ, വാർഡ് മെമ്പർമാരായ പി. സാജിത, ഫസീല അസ്ലഹ്, പ്രബീഷ് ബാലൻ, ബാലുശ്ശേരി എസ്ഐ റഷീദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വ്യാപാരി, തൊഴിലാളി കോഡിനേഷൻ പ്രതിനിധികളും നേതൃത്വം നൽകി.
Tags:
LOCAL NEWS