കരിപ്പൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ അടക്കം ഒളിപ്പിച്ച് കടത്തിയ ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം പിടികൂടി. റാസൽഖൈമയിൽ നിന്ന് കരിപ്പൂരിൽ വിമാനത്താവളത്തിൽ എത്തിയ മലപ്പുറം പൊന്നാനി സ്വദേശിയെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തിൽ പരിശോധിക്കുകയായിരുന്നു. പിതാവിന്റെ ദേഹത്ത് നിന്നും കുഞ്ഞിന്റെ ഡയപ്പറിൽ നിന്നുമാണ് സ്വർണ മിശ്രിതം പിടികൂടിയത്. ഇയാളും മൂന്നു മക്കളുമാണ് റാസൽഖൈമയിൽ നിന്നും ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ സാനിറ്ററി നാപ്കിനിൽ സ്വർണം കടത്തി പിടിയിലായ യുവതിയെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിന് (ഡിആർഐ) ഈ വിവരം ലഭിച്ചത്. തുടർന്ന് ഇന്നലെ കരിപ്പൂരിൽ എത്തിയപ്പോൾ മുതൽ തന്നെ ഇവർ നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പിതാവിൻ്റെ ശരീരത്തിലും എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലുമായി ഒളിപ്പിച്ച നിലയിൽ ഒരു കോടിയോളം വിലവരുന്ന സ്വർണം കണ്ടെത്തിയത്.