കൊടുവള്ളി: കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം. പാലക്കുറ്റി ജുമാ മസ്ജിദിന് മുന്നിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. പള്ളിയിൽ നിസ്കാരത്തിന് എത്തിയവരുടെ വാഹനമാണ് തകർന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകളും അഞ്ച് സ്കൂട്ടറും തകർന്നു.
അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ ആർക്കും പരിക്കുകളോ ഇല്ല. പുലർച്ചെയായതിനാൽ റോഡിൽ ആളുകളുടെ സാന്നിധ്യം കുറവായിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. കൊടുവള്ളി സ്വദേശി ജലീലിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ദിവസം മുമ്പെടുത്ത പുതിയ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. അപകടത്തിന്റെ കൃത്യമായ കാരണത്തിൽ അന്വേഷണം തുടരുന്നു.