ചേളന്നൂർ: വഴിയാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി ചേളന്നൂരിൽ തെരുവുനായയുടെ ആക്രമണം. വിദ്യാർത്ഥിനി ഉൾപ്പെടെ നാലുപേർക്ക് കടിയേറ്റു. ബുധനാഴ്ച രാവിലെ എട്ടരയോടെ ചേളന്നൂർ എട്ടേരണ്ട്, കുപ്പരത്താഴം എന്നിവിടങ്ങളിലാണ് സംഭവം. പ്രദേശത്ത് ലോട്ടറി വിൽപ്പന നടത്തുന്ന സ്വാമിനാഥൻ, എട്ടേനാല് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി ബാലൻ, കുപ്പരതാഴത്ത് സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനി, വഴിയാത്രക്കാരിയായ വീട്ടമ്മ എന്നിവർക്കാണ് പരിക്കേറ്റത്.
സ്വാമിനാഥൻ്റെ കാലിനാണ് കടിയേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ശരീരമാസകലം ത്വക്ക് രോഗം ബാധിച്ച നിലയിലുള്ള നായ റോഡിലൂടെ പോയവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ശബ്ദം കേട്ട് ആളുകൾ ഒച്ച വെച്ചതിനാലാണ് പലരും കടിയേൽക്കാതെ രക്ഷപ്പെട്ടത്. അക്രമാസക്തമായി പെരുമാറിയതിനാൽ പേവിഷബാധ സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തിന് ശേഷം നായ കടന്നുകളഞ്ഞു.
എട്ടേരണ്ട്, എട്ടേനാല്, ഏഴേ ആറ്, തച്ചാട്ട് താഴം, പെരുമ്പൊയിൽ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും കാൽനടയാത്രക്കാർക്ക് നേരെ നിരന്തരം ഭീഷണിയുയരുന്ന സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.