Trending

കർണാടകയിൽ കനത്ത മഴയും മണ്ണിടിച്ചിലും; റെയിൽ ഗതാഗതം തടസപ്പെട്ടു, ട്രെയിനുകൾ റദ്ദാക്കി.


മംഗളൂരു: കർണാടകയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റെയിൽ ഗതാഗതം തടസപ്പെട്ടു. എടകുമാരി (Yedakumari) - ശ്രീവഗിലു (Shrivagilu) സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിലേക്ക് ഇന്നലെ രാത്രിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതിനെ തുടർന്ന് ഇന്ന് മംഗളൂരുവിനും യശ്വന്ത്പൂരിനും ഇടയിലുള്ള ട്രെയിൻ സർവ്വീസുകൾ പൂർണ്ണമായും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് തുടർച്ചയായി ഉണ്ടായ മണ്ണിടിച്ചിലിൽ തടസ്സപ്പെട്ട പാത നന്നാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സജ്ജീകരണങ്ങളും സ്ഥലത്ത് വിന്യസിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഹുബ്ബള്ളി സൗത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വ്യക്തമാക്കി. തുടർച്ചയായ കനത്ത മഴ കാരണം ഇടക്കിടെ മണ്ണിടിച്ചിൽ ഉണ്ടാകുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെന്നും, അതിനാൽ പണികൾ പൂർത്തിയാക്കാൻ ഉദ്ദേശിച്ചതിലും കൂടുതൽ സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണ്.

ട്രെയിൻ (16540) മംഗളൂരു ജങ്ഷൻ-യശ്വന്ത്പൂർ എക്സ്പ്രസ്, ട്രെയിൻ (16575) യശ്വന്ത്പൂർ-മംഗളൂരു ജങ്ഷൻ എക്സ്പ്രസ് (പാതിവഴിയിൽ സർവ്വീസ് അവസാനിപ്പിച്ചു) തുടങ്ങിയ ട്രെയിനുകൾ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ സർവ്വീസുകൾ പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്. എസ്എംവിടി ബംഗളൂരു-മുരുശ്വർ എക്സ്പ്രസ് (16585) ഭാഗികമായി റദ്ദാക്കിയിരുന്നു. ഓഗസ്റ്റ് 1ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിൻ മുരുശ്വറിന് പകരം ഹസനിൽ സർവ്വീസ് അവസാനിപ്പിച്ചു. ഹസനും മുരുശ്വറിനും ഇടയിലുള്ള സർവ്വീസ് ഭാഗികമായി റദ്ദാക്കി. 

കൂടാതെ, കെഎസ്ആർ ബംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16511), ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട്ടേയ്ക്ക് പോകാതെ ഹസനിൽ വെച്ച് സർവ്വീസ് ചുരുക്കി. ഹസൻ-കോഴിക്കോട് റൂട്ടിലെ സർവ്വീസ് ഭാഗികമായി റദ്ദാക്കി. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുകൾക്ക് ശേഷം മാത്രം യാത്രകൾ ക്രമീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post