തിരുവനന്തപുരം: ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും രണ്ടു കിലോ ഗോതമ്പും സൗജന്യമായും മൂന്ന് പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായും ആട്ട 9 രൂപാ നിരക്കിലും ലഭിക്കും. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനായി സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി അറിയിച്ചു.
നീല കാര്‍ഡില്‍ ഓരോ അംഗത്തിനും രണ്ടു കിലോ അരി വീതം കിലോയ്ക്ക് 4 രൂപയ്ക്കും രണ്ടു കിലോ സ്‌പെഷ്യൽ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും മൂന്ന് കിലോ അരി 10.90 രൂപാ നിരക്കിലും ലഭിക്കും. താലൂക്കിലെ സ്റ്റോക്കിന് അനുസരിച്ച് കാര്‍ഡിന് നാലു കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് നല്‍കും. വെള്ള കാര്‍ഡിന് ഏഴു കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും സ്പെഷല്‍ വിഹിതമായി രണ്ടു കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും ലഭിക്കും. താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാര്‍ഡിന് നാലു കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് ലഭിക്കും. ഇതിനുപുറമേ വെള്ള, നീല, തവിട്ട് കാര്‍ഡുകള്‍ക്ക് അധിക വിഹിതമായി പരമാവധി 10 കിലോ അരി 26 രൂപ നിരക്കില്‍ ഈ മാസം 10 മുതല്‍ ലഭിക്കും.
(ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബര്‍) ക്വാര്‍ട്ടറില്‍, വൈദ്യുതീകരിച്ച വീടുകളിലെ മഞ്ഞ കാര്‍ഡിന് ഒരു ലിറ്ററും പിങ്ക്, വെള്ള, നീല കാര്‍ഡുകള്‍ക്ക് ആകെ 0.5 ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ ആറു ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഈ മാസം 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതു വിപണിയില്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും നെല്ല് വില്‍പ്പന കര്‍ഷകര്‍ കുറച്ചതും കാരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും അരി വിലക്കയറ്റമുണ്ട്. സെപ്റ്റംബറോടെ വില താഴുന്നതാണ് മുന്‍കാല അനുഭവമെന്നും അദ്ദേഹം പറഞ്ഞു.